സന്ദര്‍ശകര്‍ 40,428; വരുമാനം 24,98,925
സുല്‍ത്താന്‍ ബത്തേരി: വയനാടിന്റെ പ്രകൃതി മനോഹാരിത ആസ്വദിക്കുന്നതിനും ഓണാവധി ആഘോഷിക്കുന്നതിനുമായി എത്തിച്ചേരുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറവ് രേഖപ്പെടുത്തി.
ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ കീഴിലുള്ള ടൂറിസം കേന്ദ്രങ്ങളില്‍പോലും ഓണാവധിക്ക് എത്തിപ്പെട്ടത് അരലക്ഷത്തില്‍ താഴെ സഞ്ചാരികളാണ്. വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങലുടെ സ്ഥിതി ഇതിലും പരിതാപകരമാണ്.
കള്ളാടി മണ്ണിടിച്ചില്‍ ദുരന്തവും കാലാവസ്ഥയില്‍ ഉണ്ടായ വ്യതിയാനവും വയനാട്ടിലേക്ക് കടന്നുവരുന്നതിന് അനുഭവപ്പെടുന്ന തഗാതഗതടസവുമെല്ലാം സഞ്ചാരികളുടെ വരവിനെ പ്രതികൂലമായി ബാധിച്ചു. കഴിഞ്ഞ ഒമ്പത് ദിവസങ്ങളിലെ സന്ദര്‍ശകരുടെ കണക്കനുസരിച്ച് ഡിടിപിസിയുടെ കീഴിലുള്ള പൂക്കോട് തടാകത്തിലാണ് കൂടുതല്‍ സഞ്ചാരികളെത്തിയത്. 20,498 പേരാണ് ഇവിടെ എത്തിയത്. ഇതിലൂടെ 16,20,680 രൂപ വരുമാനവും ലഭിച്ചു. എടയ്ക്കല്‍ ഗുഹയില്‍ 5,975 പേര് സന്ദര്‍ശിച്ചു.
2,85,765 രൂപ വരുമാനം. കര്‍ലാട് വയനാട് അഡ്വഞ്ചര്‍ ക്യാമ്പില്‍ 3,038 പേര് 2,66,910 രൂപ വരുമാനം, സുല്‍ത്താന്‍ ബത്തേരി ടൗണ്‍ സ്ക്വയറില്‍ 3,618 പേര് 66,160 രൂപ വരുമാനം. കാന്തന്‍പാറ വെള്ളച്ചാട്ടത്തില്‍ 2,453 പേര് 93,250 രുപ വരുമാനം, പഴശി ടൂറിസ്റ്റ് റിസോര്‍ട്ടില്‍ 2,279 പേര് സന്ദര്‍ശിച്ചു. 80,820 രൂപ വരുമാനം. വയനാട് ഹെറിറ്റേജ് മ്യൂസിയം 692 പേര് സന്ദര്‍ശിച്ചു. ഇതിലൂടെ 18,920 രൂപ ലഭിച്ചു. പഴശി സ്മാരകം മാവിലാംതോട് 1437 പേര് 41,320 രൂപ ലഭിച്ചു.
ചീങ്ങേരി 438 പേര് സന്ദര്‍ശിച്ചു. 25,100 രൂപ വരുമാനം. ആകെ 40,428 സന്ദര്‍ശകരാണ് എത്തിയത്. 24,98,925 രൂപയാണ് ആകെ വരുമാനംഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ സഞ്ചാരികളുടെ കാര്യമായ ഒഴുക്ക് അനുഭവപ്പെട്ടില്ല. എന്നാല്‍ ഓണത്തിന് തൊട്ടടുത്തുള്ള ദിവസങ്ങളില്‍ സഞ്ചാരികളുടെ ചെറിയ ഒഴുക്ക് അനുഭവപ്പെട്ടത് പ്രതീക്ഷയ്ക്ക് വകയേകി.
കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന വനംവകുപ്പിന് കീഴിലുള്ള പ്രധാന ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ സഞ്ചാരികള്‍ക്കായി തുറന്നതും അനുഗ്രഹമായി. വന്യജീവികളെ അടുത്തുകണ്ട് കാനനസവാരി നടത്താനും വനപാതകളിലൂടെ യാത്ര ചെയ്യാനും വെള്ളച്ചാട്ടങ്ങളുടെ കുളിര്‍മ ആസ്വദിക്കാനും ദ്വീപുകളിലൂടെ ചങ്ങാടയാത്ര നടത്താനുമുള്ള അവസരങ്ങളാണ് സഞ്ചാരികളെ വയനാട്ടിലേക്ക് ആകര്‍ഷിക്കുന്നത്.
മുത്തങ്ങ വന്യജീവി സങ്കേതത്തിലെ കാനനസവാരി, തോല്‍പ്പെട്ടിയിലെ വനയാത്ര, കുറുവ ദ്വീപിലെ ചങ്ങാടയാത്ര, സൂചിപ്പാറ വെള്ളച്ചാട്ടം, ചെമ്പ്ര പീക്ക്, ബാണാസുരമല, മീന്മുട്ടി വെള്ളച്ചാട്ടം, കാറ്റുകുന്ന്,ആനച്ചോല ട്രക്കിംഗ് എന്നിവയാണ് പ്രധാന ആകര്ഷണങ്ങള്.
ബാണാസുര സാഗറിലെ ബോട്ടിംഗും പൂക്കോട് തടാകത്തിലെ ബോട്ട് യാത്രയും കുടുംബസഞ്ചാരികള്‍ക്കിടയില്‍ പ്രത്യേക പ്രിയം നേടിയിട്ടുണ്ട്. ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരകള്ക്കുള്ള നിയന്ത്രണം കാരണം ടിക്കറ്റ് ലഭിക്കാതെ മടങ്ങിയവരുടെ എണ്ണവും വര്‍ധിച്ചു.
ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, ഭക്ഷണശാലകള്‍, ടാക്സി വാഹനങ്ങള്‍, ചെറുകിട കച്ചവട സ്ഥാപനങ്ങള്‍ എന്നിവയ്ക്കും പ്രതീക്ഷക്കൊത്ത വരുമാനം ലഭിച്ചില്ല. വിവിധ ജില്ലകളില്‍നിന്നുള്ള സ്ത്രീ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തി.
പ്രിയദര്‍ശിനി ബസ് സര്‍വീസ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി വിവിധ ജില്ലകളില്‍നിന്ന് ഗ്രൂപ്പുകളായി സ്ത്രീകള്‍ വയനാട്ടിലെത്തുന്നുണ്ട്. കുടുംബങ്ങളും സുഹൃദ് സംഘങ്ങളുമായാണ് പലരും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നത്.